Wednesday, January 22, 2014

സി.പി.എം നേതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

Wednesday, January 22nd, 2014

ടി.പി.ചന്ദ്രശേഖരന്‍ വധം: 12 പേര്‍കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം നേതാവ് സി.എച്ച് അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.
ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ.ഷിനോജ് എന്നിവരും സി.പി.എം നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി.രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.ടി.പി.യുടെ വിധവ കെ.കെ.രമയുള്‍പ്പെടെ ആര്‍.എം.പി നേതാക്കന്മാരും കെ.കെ.ലതിക എം.എല്‍.എയും വിധികേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തുമണിയോടെ ആണ് ആര്‍.എം.പി നേതാവ് ടി.പിചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9 നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഒകോടോബര്‍ 22 കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആര്‍.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംബിച്ചു. ഒക്ടോബര്‍ 30 നു ആരംഭിച്ച അന്തിമവാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22 നു വിധി വന്നു.

No comments:

Post a Comment